Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, September 27, 2011

അശാന്തം Ashaantham



അശാന്തം
വളര്‍ച്ചയുടെ പടവുകള്‍ കയറും തോറും അനുഭവങ്ങളുടെ ധാരാളിത്തം കൊണ്ട്  ചിന്തകളും, ചെയ്തികളും കൂടുതല്‍ യാന്ത്രികമാവുകയായിരുന്നു. ജോലി ത്തിരക്കിന്റെ പിരിമുറുക്കം മുഖത്തെ ഭീകര മാക്കിയിട്ടുണ്ടെന്ന്  ഓരോ തവണയും കണ്ണാടി ഓര്‍മിപ്പിച്ചു. താഴത്തെ നില പണിതു കൊണ്ടിരിക്കുമ്പോള്‍ തൊഴിലാളികളുടെ ചുമലില്‍ കൈ വെച്ച് അവരില്‍ ഒരാളെപ്പോലെ നിന്ന് അവരെ ചൂഷണം ചെയ്യുമ്പോള്‍, ആ മുഖങ്ങളില്‍ കണ്ടത് സന്തോഷം മാത്രം... ഇന്ന് ഈ ഉയരത്തില്‍ നിന്ന് നോക്കുമ്പോള്‍ , താഴെ, അവരെല്ലാം എറുമ്പ് കളെപ്പോലെ... 
അവരുടെ  മുഖത്തെന്തു ഭാവമായിരിക്കാം....?  

തിരിച്ചറിയാനാവാത്തവിധം തകര്‍ന്നു പോയ അയാളുടെ ശരീരം, കോണ്ക്രീറ്റ് തറയില്‍ കിടന്നപ്പോള്‍ അവരെല്ലാം ഓടിക്കൂടി....
അയാളുടെ മുഖത്ത് ശാന്തത ഉണ്ടായിരുന്നോ?
കൂടിനിന്നവരിലും...
............................................................................................................................................................

Saturday, July 16, 2011

വളര്‍ച്ച Valarcha

വളര്‍ച്ച




അക്കങ്ങള്‍ കൊണ്ട് കളിക്കാനാണ് അയാള്‍ ആഗ്രഹിച്ചതും പഠിച്ചതും. അത് കൊണ്ട് തന്നെ, ജോലി കിട്ടിയപ്പോള്‍ ലാഭ നഷ്ട കണക്കുകളെ വിശകലം ചെയ്ത് ഭാവി പരിപാടികള്‍ക്ക് രൂപം കൊടുത്തു കൊണ്ട് മേലുദ്യോഗസ്ഥരെ അമ്പരപ്പിക്കാനും, പടി പടിയായി അവരെ ചവുട്ടിത്താഴ്ത്തി മുകളിലെത്താനും അയാള്‍ക്ക് കഴിഞ്ഞു. എതിര്‍ത്തവരോടെല്ലാം അയാള്‍ സ്വന്തം ഡയറി കാണിച്ചു കൊണ്ട് പറഞ്ഞു "ഇതില്‍ തെളിവുകള്‍ ഉണ്ട്... ഓരോ ദിവസത്തെയും..."

"എനിക്കെതിരെയുള്ള തെളിവുകള്‍ എന്താണാവോ?" ഞാന്‍ അസ്വസ്ഥനായി.

ഒരു രാവിന്റെ മധ്യത്തില്‍ അയാളെ വക വരുത്തി, ഡയറി എടുത്ത് രക്ഷപ്പെട്ടു. നാല് ചുവരുകളുടെ മറയിലിരുന്നു ഡയറി മറിച്ചു നോക്കി.... കുറെ അക്കങ്ങള്‍ കൂട്ടിയും കുറച്ചും, ഗുണിച്ചും ഹരിച്ചും... അവസാനം ചുവന്ന അടിവരയിട്ട് ...

ഓരോ തവണയും ഒരേ ഉത്തരം...ലാഭം= നഷ്ടം= പൂജ്യം..

എനിക്ക് കണ്ടു പിടിക്കാനാവാത്ത തെളിവ് ആ അക്കങ്ങളിലെവിടെയോ കിടപ്പുണ്ട്..

ഞാന്‍ ചികഞ്ഞു കൊണ്ടേയിരുന്നു...

Monday, June 20, 2011

നിഴല്‍ Nizhal (Shadow)

നിഴല്‍



പൊള്ളുന്ന മണലില്‍ അലകളും ചുഴികളും തീര്‍ത്ത് കാറ്റ് കടന്നു പോയപ്പോള്‍ കറുത്ത പൊടി ശരീരമാകെ പൊതിഞ്ഞു. കൂടെ ഉണ്ടായിരുന്ന വരെയെല്ലാം അലകള്‍ ഒഴുക്കി കൊണ്ട് പോയി. ശബ്ദം പോലും ചുഴിയില്‍ പെട്ട്...! എങ്ങോട്ടെന്നില്ലാതെ ഓടിയപ്പോള്‍ എവിടെയോ തട്ടി താഴെ വീണു. കൊടും ചൂടേറ്റു സിരകള്‍ വരണ്ടു തുടങ്ങിയപ്പോള്‍, താഴ്ന്നു വരുന്ന സ്പന്ദനങ്ങള്‍ തലച്ചോറില്‍ ഉരുള്‍ പൊട്ടലുണ്ടാക്കി. ഓര്‍മകളുടെ മലഞ്ചെരുവില്‍ പൊടുന്നനെ വന്ന മഴ കനത്തു വന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വീടിനു മുകളിലേക്ക് ആര്‍ത്തലച്ചു വീണ ഉരുള്‍ പൊട്ടലിന്റെ ചെളി വെള്ളം.... ശരീരമാകെ.... പൊങ്ങു തടി പോലെ അനാഥമായി എവിടെയോ അടിഞ്ഞു.. ജീവന്‍ ശേഷിപ്പിച്ച്.. ആരോ തന്ന കൈപിടിച്ച് , മലകളും കടലും താണ്ടി വന്നപ്പോള്‍ ഇവിടേയും....

അറിവ് Arivu

അറിവ്


അമ്മയില്‍ നിന്നും പിറവിയെടുക്കുംപോള്‍ അക്ഷരങ്ങളുണ്ടായിരുന്നില്ല. ശബ്ദം കേട്ടപ്പോള്‍ അവയുടെ വ്യതിയാനം അനുസരിച്ച് അവര്‍ അക്ഷരങ്ങളുണ്ടാക്കി. അവയാണ് പിന്നീട് ജീവിതത്തെ മുന്നോട്ടു നയിച്ചത്. അവര്‍ ലോകത്തെ വെട്ടിയൊതുക്കി തനിക്കാവുന്ന രീതിയില്‍ വളര്‍ത്തുന്നു. അഹങ്കരിക്കുന്നു. പക്ഷെ, ശബ്ദം കേള്‍ക്കാത്ത, പറയാനറിയാത്ത, കണ്ണു കാണാനാവാത്ത എനിക്ക് അക്ഷരം എന്തെന്നറിയില്ല. ചിന്തയാണെന്റെ അക്ഷരം. പ്രകാശ വേഗത്തില്‍ അത് സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്കെന്നെ പിന്തുടരാന്‍ പറ്റുന്നുണ്ടോ?

Saturday, June 5, 2010

വേട്ട Vetta

വേട്ട


നഗരം വിജനമാണ്. എവിടെയോ നടന്ന സംഭവങ്ങളെ ഓര്‍മ്മിപ്പിക്കാനായി ഒരു ബന്ദ്‌ കൂടി സംഘടിക്കപ്പെട്ടപ്പോള്‍, വിജനമാക്കപ്പെടുന്ന മനസ്സിന്റെ വഴികളിലൂടെ ആരും നടന്നു പോകാത്തതിനെ കുറിച്ച് ചിന്തിച്ചു. ഒരു വിഭാഗം ജനം മൃഗീയമായി അട്ടഹസിക്കുന്നതു കേട്ടിട്ട് മറ്റു വിഭാഗങ്ങള്‍ ബോധമറ്റു വീഴുമ്പോള്‍ മറ്റുള്ളവര്‍ എങ്ങനെ ചിന്തിക്കാനാണ്? കടുത്ത വെയിലേറ്റ് ശരീരമാകെ ചൂടായി ഒരിറ്റ് വെള്ളത്തിനായി നാവു ചലിച്ചപ്പോള്‍, അതില്‍ നിന്നുണ്ടായ ശബ്ദത്തിന് കൊല വിളിയുടെതിന് അനുരണനം തോന്നിയപ്പോള്‍ സ്വന്തം കൈയ്യില്‍ കത്തി കൊണ്ട് ചെറുതായി കുത്തി നോക്കി. അതെ. ഞാന്‍ തന്നെയാണ് കൊല വിളി നടത്തിയത്. ആ ചോരത്തിളപ്പില്‍ നിരത്തിലൂടെ നെഞ്ച് വിരിച്ചു നടന്നു. അതാ ആ ബസ്‌ സ്റ്റോപ്പില്‍ ഒരാള്‍ രൂപം കുനിഞ്ഞിരിക്കുന്നു. രക്തത്തിന് തിളപ്പേറി. ഓടി ചെന്ന്. ഭിക്ഷക്കാരി. തളര്‍ന്നു കിടക്കുകയാണ്. തന്റെ വലിയ ഭാണ്ടത്തിനു മീതെ ചായ്ച്ച തല ഒന്ന് തിരിച്ചു, വരണ്ട ചിരി കാണിച്ചു. വല്ലതും താ... അവള്‍ കൈ നീട്ടി. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇവള്‍ക്ക് കാശു കൊടുത്തത്. ഇപ്പോള്‍ തനിക്കു അതിനു പോലും കഴിയില്ല. ആ ക്കളെ കടന്നു പിടിച്ചു, വിരലുകളെ എന്‍റെ വായിലാക്കി കടിച്ചു മുറിച്ചു. ചുടു ചോര. ഒരു വിരല്‍ വായ്ക്കകത്ത് പെട്ട്. അവളുടെ നിലവിളി സൈറന്‍ പോലെ ഉയര്‍ന്നപ്പോള്‍, കുറച്ചു ചോര വായക്ക് കിട്ടിയതിന്റെ സംതൃപ്തി യോടെ വേഗം നടന്നു. ആ വിരല്‍ ച്യൂയിന്ഗം പോലെ നാവിനും പല്ലുകള്‍ക്കും ഇടയില്‍ മര്‍ദി ക്കപ്പെട്ടുകൊണ്ടിരുന്നു. ബാക്കിയുള്ള ജീവനുകളെ അന്വേഷിച്ചു കൊണ്ട് തെരുവില്‍ വീണ്ടും പുളഞ്ഞു നടന്നു...


ഒരു ബന്ദു കൂടി നടക്കുകയാണ്....


--

 

Sunday, March 21, 2010

Biksha ഭിക്ഷ

ഭിക്ഷ
വ്യക്തിക്ക് ചുറ്റും അനേകം ലക്ഷ്മണ രേഖകള്‍ വരയ്ക്കപ്പെടുന്നു. ഓരോ രേഖ കടക്കുമ്പോഴും പുതിയ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും, അവസാനം ഏറ്റവും വലിയ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും, വരയ്ക്കുന്നവര്‍ അവനെ ഓര്മ പ്പെടുത്തുന്നു. രണ്ടു രേഖകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന പ്രശ്നത്തിന്റെ പരിഹാരം അവിടെ നിന്ന് തന്നെ കാണണമെന്നും അല്ലെങ്കില്‍ അതിനു വെളിയിലുള്ള പ്രശ്നത്തിലേക്ക്   ചാടുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയെ ഉള്ളൂ എന്നും  അവനെ എല്ലാവരും ഉപദേശിക്കുന്നു. സ്വാഭാവികമായി, എല്ലാ പ്രശ്നങ്ങള്‍ക്കും  പരിഹാരം രേഖകള്‍ വരയ്ക്കപ്പെട്ട അവന്റെ  സ്ഥാനത്ത്, ഒരു ബിന്ദുവില്‍ ഉറഞ്ഞു കിടക്കുന്നു. അത് അവന്‍ തന്നെയാണ്. തന്നില്‍ കുടി കൊള്ളുന്ന സത്യത്തെ കാണാതെ, കപടതയുടെ രൂപങ്ങള്‍ ദൈന്യതയുടെ മുഖങ്ങള്മായി  മുന്നില്‍ നില്‍ക്കുന്നത് കണ്ട ഭിക്ഷ കൊടുക്കാനായി, അതില്‍ നിന്നുള്ള പുണ്യത്തിനായി രേഖകള്‍ മുറിച്ചു കടക്കുകയാണ് അവന്‍.... 


25 ഏപ്രില്‍ 1993, ഞായര്‍

Ledger ലഡ്ജര്‍

ലഡ്ജര്‍


യാഥാര്‍ ത്യങ്ങള്‍ക്ക് തമ്മി'ല്‍ പൊരുത്തം ഇല്ലാത്തതാണ് ജീവിതത്തില്‍ നിന്നും കണ്ടെത്തിയ ഏക സത്യം. പദ പ്രശ്നങ്ങള്‍ നെടുകെയും കുറുകെയും വാക്കുകളുടെ ബന്ധങ്ങളെ കറുത്ത ചതുരങ്ങളുടെ വിടവുകള്‍ വെച്ച് ബുദ്ധി പൂര്‍വമായി  മെനെഞ്ഞെട്ക്കുമ്പോള്‍, എപ്പോഴും അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം സ്വയം സൃഷ്ടിക്കപ്പെടുകയോ, അക്ഷരങ്ങള്‍ നിറച്ച് നികത്തി സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നത് ജീവിതത്തിന്റെ പരമ സാക്ഷ്കാ രമല്ല എന്ന്  തനിക്കു തോന്നുന്നു എന്ന് അവന്‍ പറഞ്ഞു.  വരവും ചിലവും ഒത്തു ചേരാതെ ആദ്യം മുതല്‍ കണക്കു കൂട്ടി ക്കൊണ്ടിരിക്കുക യായിരുന്ന ഞാന്‍ ഒരു നിമിഷം നിശ്ചലമായി. ഒരിക്കലും പൊരുത്തപ്പെടാത്ത കണക്കുകള്‍, സ്വന്തം വിശ്വാസ്യതയുടെ നില നില്‍പ്പിനായി രാപ്പകലുകള്‍ ഉറങ്ങാതെ താത്കാലിക മായി പൂജ്യത്തിലോതുക്കി, ലെഡ്ജരുകളില്‍  പകര്‍ത്തുമ്പോള്‍ ജീവിത സത്യം കണ്ടെത്തിയ അവനെ വെറുത്തു. ഞാന്‍ വീണ്ടും അടുത്ത ലെഡ്ജെര്‍  തയ്യാറാക്കാനായി രാത്രിയുടെ  അവസാന യാമത്തിലേക്ക് തിരി നീട്ടി.

25 ഏപ്രില്‍ 1993, ഞായര്‍